3 മാസത്തെ കുടിശിക തീർത്ത് സർക്കാർ, ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച; സമരം തുടരുമെന്ന് ആശാ വർക്കർമാർ

news image
Feb 27, 2025, 12:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കൂടി സര്‍ക്കാര്‍ അനുവദിച്ചു. ഇതോടെ മൂന്നു മാസത്തെ കുടിശികയും തീര്‍ത്തു. ഇന്‍സന്റീവിലെ കുടിശികയും കൊടുത്തു തീര്‍ത്തുവെന്നാണ് വിവരം. ഒരു വിഭാഗം ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ കുടിശിക കൊടുത്തു തീര്‍ത്തത്. മൂന്നു മാസത്തെ കുടിശിക അനുവദിക്കണമെന്നതായിരുന്നു സമരക്കാരുടെ ഒരു ആവശ്യം.സമരം തുടങ്ങുമ്പോള്‍ നവംബര്‍ മുതൽ ജനുവരി വരെയുള്ള ഓണറേറിയം ആണ് കിട്ടാനുണ്ടായിരുന്നത്. സമരം തുടങ്ങി പതിനഞ്ചാം ദിവസമാണ് ആദ്യ രണ്ടു മാസത്തെ കുടിശിക നല്‍കിയത്.

അതേസമയം, സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പറഞ്ഞു. ഓണറേറിയം കുടിശിക ചെയ്തു തീര്‍ത്ത ജോലിക്കുള്ള കൂലിയാണ്. ഓണറേറിയം പ്രതിദിനം 700 രൂപയായി വര്‍ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശമാര്‍ തൊഴിലാളികള്‍ ആണെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 26,125 ആശമാരാണ് സംസ്ഥാനത്തുള്ളത്. അതില്‍ ഏഴ് ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്. ഇവരുടെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു കടുംപിടിത്തവും ഇല്ല. ഒരു ആശയ്ക്ക് 13000 രൂപയ്ക്ക് അടുത്ത് കിട്ടുന്നുണ്ട്. ഇതില്‍ 9500 രൂപ സംസ്ഥാനമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത് അംഗീകരിക്കാനാവില്ലെന്ന് സമരസമിതി അറിയിച്ചു. സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ കൈയില്‍ ആയുധം കൊടുക്കരുത്. പിന്തുണയുടെ പേരില്‍ അക്രമത്തെ അംഗീകരിക്കില്ലെന്നും സമരസമിതി നേതാവ് എം.എ. ബിന്ദു പറഞ്ഞു. ഇടതുസഹയാത്രകരായ സാഹിത്യകാരന്മാരും സമരത്തിനു പിന്തുണ അറിയിച്ചു. ആശാ വര്‍ക്കര്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണമെന്ന് സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിള്ള, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെങ്കില്‍ കൃത്യമായി അത് ഡല്‍ഹിയില്‍ അറിയിക്കുന്നതിനു പകരം ഒളിച്ചോടരുതെന്നും ഇവര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് അയച്ച വക്കീല്‍ നോട്ടിസിനു സമരസമിതി മറുപടി നല്‍കി. മാപ്പു പറയാനില്ലെന്നും നിയമനടപടി നേരിടുമെന്നും സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു. ഇതിനിടെ ആശാ വര്‍ക്കര്‍മാർക്കെതിരെ ബദല്‍സമരവുമായി സിഐടിയുവും രംഗത്തെത്തി. ആലപ്പുഴയില്‍ പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നില്‍ ഇന്നലെ നടന്ന സമരം തിരുവനന്തപുരം ഉള്‍പ്പെടെ കൂടുതല്‍ ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് സിഐടിയു തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe