തീരദേശ മേഖലയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നുഴഞ്ഞു കയറ്റത്തിനു സാധ്യത; ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്താൻ ശുപാർശ

news image
Feb 23, 2024, 4:24 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് ആഭ്യന്തരവകുപ്പിന് ഇന്റലിജൻസ് വിഭാഗം ശുപാർശ നൽകി. വർഗീയവാദികൾ, ഗുണ്ടകൾ, ക്രിമിനൽ കേസുകളിലെ പ്രതികൾ എന്നിവരെ നീരീക്ഷിക്കാൻ ആഭ്യന്തര സുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നാണു പ്രധാന ശുപാർശ. എലത്തൂർ ട്രെയിൻ തീവയ്പ്പ്, കളമശേരി കൺവെൻഷൻ സെന്ററിലെ സ്ഫോടനം എന്നിവയുടെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇന്റലിജൻസ് ശുപാർശ നൽകിയത്.

സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലേക്ക് 12 സിഐ, 22 എസ്ഐ, 45 സീനിയർ സിവിൽ പൊലീസ് ഓഫിസർ – സിവിൽ പൊലീസ് ഓഫിസർ എന്നിവരെ അടിയന്തരമായി നിയമിക്കണം. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം. ഡാർക്‌വെബ്, ക്രിപ്റ്റോകറൻസി, സമൂഹമാധ്യമങ്ങളിലെ നിരീക്ഷണം എന്നിവയ്ക്കായി ആധുനിക സോഫ്റ്റ്‌വെയറുകൾ വാങ്ങണം. ഡേറ്റ വിശകലനം ചെയ്യാനായി എഐ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണം.

വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണം. തീരദേശ മേഖലയിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖം സജ്ജമാകുന്നതിനാൽ സ്ഥലത്തെ നിരീക്ഷണം ശക്തമാക്കണം. സൈബർ കുറ്റകൃത്യങ്ങളും അന്തർസംസ്ഥാന കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കണം. കുറ്റവാളികളും ദേശവിരുദ്ധ ശക്തികളും കടന്നുകൂടാൻ സാധ്യതയുള്ളതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിവരശേഖരണം ശക്തിപ്പെടുത്താൻ കൂടുതൽ കരുത്തുറ്റ സംവിധാനം ഒരുക്കണമെന്നും ഇന്റലിജൻസ് ശുപാർശ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe