നരഭോജി കടുവയെ പിടികൂടാൻ വൻ സന്നാഹം, നാട്ടുകാരോട് സ്ഥലത്തുനിന്ന് മാറാൻ നിർദേശം, നിരോധനാജ്ഞ

news image
Dec 12, 2023, 10:20 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് ബത്തേരി കൂടല്ലൂരിൽ മനുഷ്യനെ പിടിച്ച കടുവയ്ക്ക് വേണ്ടി വ്യാപക തെരച്ചിലുമായി വനംവകുപ്പ്. 20 അംഗ പ്രത്യേക ടീം സർവ സജ്ജ്‌മായി കാട്ടിലേക്ക് തിരിച്ചു. കടുവയെ കണ്ടെത്താനുള്ള വലിയ സന്നാഹമാണ് സ്ഥലത്ത് നടക്കുന്നത്. വേണ്ട നിർദേശങ്ങൾ നൽകുകൊണ്ട് വെറ്ററിനറി ടീമും കാട്ടിലേക്ക് പോയിട്ടുണ്ട്. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനിടെ, നാട്ടുകാരോട്  സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകി. കടുവ നിലയുറപ്പിച്ച സ്ഥലം കണ്ടെത്തിയോയെന്ന സംശയവും ഇതോടെ ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

വയനാട് സൗത്ത് ഡി എഫ് ഒ ഷജ്ന കരീം, ഫോറസ്റ്റ് വെറ്റനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസ് എന്നിവർ ഒമ്പതേക്കർ ഭാഗത്ത്‌ ക്യാമ്പ് ചെയ്യുകയാണ്. ഇതിനിടെ, തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടിനിൽക്കുന്നതൊഴിവാക്കുന്നതിനായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൂതാടി പഞ്ചായത്തിലെ 11 -ാം വാർഡായ മൂടക്കൊല്ലിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിൻെറ ജീപ്പിൽ പ്രത്യേക അനൌൺസ്മെൻറും നൽകുന്നുണ്ട്.

11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാകും ഇന്നത്തെ തെരച്ചിൽ. വനംവകുപ്പ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാൽ, പൊലീസ് സംരക്ഷണയിലാകും തെരച്ചിൽ. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe