ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. പ്രളയ ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്ന് സിക്കിം സർക്കാർ അറിയിച്ചു. മരിച്ച 14 പേരും സിവിലിയൻമാരാണ്. പ്രളയത്തിൽ 102 പേരെ കാണാതായെന്നും സർക്കാർ വ്യക്തമാക്കി.
സിക്കിമിന്റെ വിവിധ ഭാഗങ്ങളിലായി 3000ത്തോളം വിനോദ സഞ്ചാരികളാണ് കുടുങ്ങി കിടക്കുന്നത്. ടീസ്റ്റ സ്റ്റേജ് 3 ഡാമിന്റെ നിർമാണത്തിനെത്തിയ തൊഴിലാളികളും കുടുങ്ങി കിടക്കുകയാണ്. ഡാമിന്റെ ടണലിലാണ് ഇവർ കുടുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാണാതായ 23 സൈനികരിൽ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ മൂന്ന് സംഘങ്ങൾക്കൂടി സിക്കിമിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നൽ പ്രളയം വ്യാപക നാശം വിതച്ചത്.
സിങ്താമിൽ ഉരുക്കു പാലവും സിക്കിമിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ബുധനാഴ്ച പുലർച്ച ഒലിച്ചുപോയി. ബലുഅതറിലും, ലാൻകോ ജലവൈദ്യുത പദ്ധതിയുടെയും രണ്ട് പാലങ്ങളാണ് തകർന്നത്. മൻഗൻ ജില്ലയിൽ വാർത്ത വിനിമയ സംവിധാനങ്ങൾ തകർന്നു. ഫിദാങ്ങിൽ നാലും ദിക്ചുവിൽ രണ്ടും വീടുകൾ ഒലിച്ചുപോയി. ടീസ്റ്റ നദിക്കരികിലെ വീടുകൾ അപകടാവസ്ഥയിലാണ്. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയർത്തിയിരുന്നു.