25 കോടി ഒന്നാം സമ്മാനം കിട്ടിയാള്‍ക്ക് എങ്ങനെ കിട്ടും സമ്മാനം; അതിന് ചില നടപടികളുണ്ട്.!

news image
Sep 20, 2023, 9:19 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.  എന്നാല്‍ അതിവേഗത്തില്‍ പണം കിട്ടില്ല വിജയിക്ക്. അതിന് ചില നടപടികള്‍ ഉണ്ട്. ഇതെ എന്താണ് എന്ന് നോക്കാം.

1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയിൽ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.

2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കിൽ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

3. സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റിൽ നിന്നും ഡൗൺലോർഡ് ചെയ്തെടുക്കാൻ സാധിക്കും. ഈ ഫോമിൽ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുൻ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതിൽ രേഖപ്പെടുത്തിയിരിക്കണം.

4. പ്രായപൂർത്തി ആകാത്ത ഒരാൾക്കാണ് സമ്മനം ലഭിച്ചതെങ്കിൽ, ഒരു ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ആണിത്.

5. ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.

6. ഭാഗ്യക്കുറി സമ്മാനത്തിന് നൽകുന്ന അപേക്ഷയിൽ നമ്മുടെ തിരിച്ചറിയൽ കാർഡ് കൊടുക്കേണ്ടതുണ്ട്. പാൻ, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്പോർട്ട് അങ്ങനെ എന്തും തിരിച്ചറിയൽ രേഖയായി നൽകാവുന്നതാണ്.

7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂൾ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏൽപ്പിക്കാം. ഇങ്ങനെ കൊടുക്കുമ്പോൾ ബാങ്കുകാർ മൂന്ന് രേഖകൾ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാർഹനിൽ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടർക്ക് ബാങ്ക് അധികൃതർ നൽകേണ്ടത്.

8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്‍റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe